This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃത്തിവാസന്‍; കൃത്തിവാസരാമായണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃത്തിവാസന്‍; കൃത്തിവാസരാമായണം

ബംഗാളിസാഹിത്യത്തിലെ അതിപ്രാചീനമായ രാമായണത്തിന്റെ രചയിതാവായ കവി. കൃത്തിവാസ ഓഝ, കൃത്തിവാസ പണ്ഡിതന്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു. ഹൂഗ്ലീതീരത്തിലെ പുലിയാഗ്രാമത്തിലാണ്‌ ജനനം. പിതാവ്‌ വനമാലി പണ്ഡിതനും മാതാവ്‌ മാലിനിയുമാണ്‌. വനമാലി തന്റെ ദക്ഷിണദേശത്തേക്കുള്ള യാത്രയുടെ ആരംഭത്തില്‍ ജനിച്ച മകനാകയാല്‍ ശിവസ്‌മൃതിയുളവാക്കുന്ന "കൃത്തിവാസന്‍' എന്ന പേര്‍ മകനിട്ടതാണത്ര. ഇദ്ദേഹം പതിനഞ്ചാം വയസ്സില്‍ ഉത്തരബംഗാളില്‍ ചെന്ന്‌ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഗൗഡദേശാധിപതിയുടെ ആസ്ഥാനത്തില്‍ പോയി തന്റെ ആശുകവിത്വശക്തികൊണ്ടു രാജാവിനെ സന്തോഷിപ്പിച്ച്‌ സമ്മാനം നേടിയതായും രാജാവിന്റെ അഭ്യര്‍ഥനയനുസരിച്ചു രാമായണരചനാസങ്കല്‌പം ചെയ്‌തതായും പറയപ്പെടുന്നു. 14-ാം ശതകമോ 15-ാം ശതകമോ ആയിരിക്കാം ഇദ്ദേഹത്തിന്റെ ജീവിതകാലം.

കൃത്തിവാസരാമായണം എന്ന പ്രസിദ്ധ കൃതി കൃത്തിവാസന്റേതാണ്‌. രാമപാഞ്ചാലി എന്നാണ്‌ ആ കൃതിയുടെ ശരിയായ പേര്‌. പാഞ്ചാലി എന്നാല്‍ ആഖ്യാനകാവ്യമെന്നര്‍ഥം. "പയാര്‍' എന്ന മാത്രാവൃത്തവും സാമാന്യജനതയുടെ ഭാഷയുമാണ്‌ ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്‌. ഈ കാവ്യം ലിപിബദ്ധമായത്‌ കവിയുടെ കാലത്തിനുശേഷം ഏകദേശം രണ്ടു ശതാബ്‌ദം കഴിഞ്ഞാണെന്ന്‌ ഊഹിക്കപ്പെടുന്നു. ഇന്നു ലഭിച്ചിട്ടുള്ള അതിപ്രാചീനമായ കൈയെഴുത്തു പ്രതിക്ക്‌ ഇരുന്നൂറു വര്‍ഷത്തോളമേ പഴക്കമുള്ളൂ. അതുകൊണ്ട്‌ ഗ്രന്ഥത്തിന്റെ മൂലഭാഷയും കഥയും എത്രത്തോളം കവിരചിതമാണ്‌, എത്രത്തോളം കാലക്രമേണ പരിവര്‍ത്തിതമാണ്‌ എന്നു നിശ്ചയിക്കുവാന്‍ പ്രയാസമാണ്‌. അദ്‌ഭുതാചാര്യനും കവിചന്ദ്രനും എഴുതിയ രാമായണത്തിന്റെ അംശങ്ങളും ഇന്നത്തെ കൃത്തിവാസരാമായണത്തില്‍ കലര്‍ന്നിട്ടുള്ളതായി കരുതപ്പെടുന്നു. ഈ കൃതി ആദ്യമായി 1803-ല്‍ ശ്രീരാമപുര മിഷന്‍ പ്രസ്സില്‍ അച്ചടിച്ചു പ്രസിദ്ധപ്പെടുത്തി. കേരളത്തില്‍ എഴുത്തച്ഛന്റെ അധ്യാത്മരാമായണത്തിനും ഉത്തരഭാരതത്തില്‍ തുളസീദാസന്റെ രാമചരിതമാസത്തിനുമുള്ള പ്രചാരമാണ്‌ ബംഗാളില്‍ രാമപാഞ്ചാലിക്കു ലഭിച്ചിട്ടുള്ളത്‌. അവിടെ ഓരോ ഗൃഹത്തിലും ഈ കൃതി നിത്യപാരായണത്തിന്‌ ഉപയോഗിക്കുന്നു. ബംഗാളിലെ പില്‌ക്കാലത്തെ സാഹിത്യകൃതികളെ ഇത്‌ വളരെ സ്വാധീനിച്ചിട്ടുണ്ട്‌. കൃത്തിവാസരാമായണത്തിന്റെ ആധാരം വാല്‌മീകിരാമായണത്തിന്റെ ഗൗഡീയ പാഠമാണ്‌. എന്നാല്‍ ഇത്‌ ഒരനുവാദമല്ല. ഋഷ്യശൃംഗന്റെ പത്‌നിയായ ശാന്ത ദശരഥന്റെ മകളാണ്‌; പൂര്‍വജന്മത്തില്‍ കുശധ്വജന്റെ മകളായിരുന്ന വേദവതിയാണ്‌ സീത എന്നിങ്ങനെയുള്ള പല വൃത്താന്തങ്ങളും ഗൗഡീയ വാല്‌മീകിരാമായണത്തിലുള്ളതാണ്‌. ഹരിശ്ചന്ദ്രന്‍, സൗദാസന്‍, ദിലീപന്‍, രഘു, അജന്‍ എന്നിങ്ങനെയുള്ള രഘുവംശപരമ്പരാവര്‍ണനം പദ്‌മപുരാണത്താല്‍ പ്രഭാവിതമാണ്‌. സ്‌കന്ദപുരാണത്തിന്റെയും രഘുവംശത്തിന്റെയും മറ്റും സ്വാധീനതയും ഇതില്‍ കാണുന്നു.

കൃത്തിവാസരാമായണത്തില്‍ ശൈവശാക്തസമ്പ്രദായങ്ങളുടെ പ്രഭാവവും കാണുന്നുണ്ട്‌. ഹനുമാന്‍ ശിവാവതാരമാണ്‌ എന്ന പ്രസ്‌താവം, മഹിരാവണപ്രകരണത്തില്‍ രാമശിവന്മാരുടെ അഭേദപ്രദര്‍ശനം, സേതുബന്ധനാരംഭത്തിലെ ശിവപൂജ മുതലായവ ഇക്കാര്യം വ്യക്തമാക്കുന്നു. രാമഭക്തിമാഹാത്മ്യ പ്രകാശനമാണ്‌ ഈ കൃതിയുടെ മുഖ്യമായ ഉദ്ദേശ്യം. ഇതിലെ ഭാഷ സരളവും പ്രസാദഗുണയുക്തവുമത്ര. ഒരുദാഹരണം.

കാര്യനാഇരാജപാടേ
	പുനഃജാ ഈ ബനേ
	രാവണ പരമഭക്ത
	മാരിയ കേമനേ.
 

(രാജ്യത്തിലെ ഖജനാവുകൊണ്ട്‌ എന്തുപ്രയോജനം? വീണ്ടും ഞാന്‍ വനത്തിലേക്കു പോകും; രാവണന്‍ പരമഭക്തന്‍, അവനെ കൊല്ലുന്നതെങ്ങനെ?). ബംഗാളില്‍ മാത്രം പ്രചാരത്തിലുള്ള ചില നാടന്‍പാട്ടുകളുടെ സ്വാധീനതയും ഈ രാമായണത്തില്‍ കാണുന്നുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍